ഓർമകളിലെ ഓണം
ആർപ്പോ..... ഇർർറോ...... ഇർർറോ...... ഇർർറോ
ഓർമകളിൽ എവിടെനിന്നോ ആർപ്പുവിളികൾ ഉയർന്നു തുടങ്ങി. മുറ്റത്തെ ചാണകം മെഴുകിയ തറയിലെ പൂക്കളത്തിനു മുന്നിൽ മാവേലി വരുന്നതും നോക്കി അക്ഷമനായി നിൽക്കുന്ന ഒരു അഞ്ചു വയസ്സുകാരനെ കാണാം. അവനു മാവേലിയോട് ചോദിയ്ക്കാൻ ഒരു ചോദ്യം ഉണ്ടായിരുന്നു. മുത്തശ്ശി പറഞ്ഞുതന്ന കഥകളിലെ മാവേലിനാട്, കള്ളവുമില്ല ചതിയുമില്ലാത്ത സുന്ദരമായ നാട്. ആ നാടിൻറെ അധിപനായ ആ മാവേലിയെ അവനു അത്രമേൽ പരിചയമായിരുന്നു. മനസ്സിൽ ഒരുപാടു തവണ അവൻ ചോദിച്ചു "ഇത്തവണ മാവേലിക്ക് പോകാതിരുന്ന കൂടെ". ഒരു ചെറു ചാറ്റൽമഴ അവനെ തഴുകി കടന്നുപോയി. മാവേലിയെ മാത്രം കണ്ടില്ല. അടുത്തവർഷം അവൻ വീണ്ടു കാത്തിരുന്നു, അതേ ചോദ്യവുമായി. മാവേലിയെ കണ്ടില്ല.
വർഷങ്ങൾക്കിപ്പുറം, അവൻ തിരിച്ചറിഞ്ഞു അവൻ കാത്തിരുന്ന മാവേലി അവന്റെ ഉള്ളിൽ തന്നെ ആണെന്ന്. നന്മയും സ്നേഹവും മാത്രമുള്ള ആ മാവേലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്ന വാമനനും അവന്റെ ഉള്ളിൽ തന്നെ ഉണ്ടെന്നു. അവന്റെ നിഷ്കളങ്കമായ ചോദ്യം ഇന്നും പ്രസക്തമാണ്. നമ്മിലോരോരുത്തരിലുമുള്ള മാവേലിയെ നാം പാതാളത്തിലേക്കു മടങ്ങാൻ അനുവദിക്കാതിരുന്നാൽ ഈ നാട് വീണ്ടും ഒരു മാവേലിനാടാകും.
മാനുഷരെല്ലാരും ഒന്നുപോലെ വാഴുന്ന ആ നല്ല നാടിനെ നമുക്കിനിയും പുനർനിർമിക്കാം...
ഓർമകളിലെ ആർപ്പുവിളികൾക്കു വീണ്ടും കാതോർക്കാം.
എല്ലാവര്ക്കും നന്മ നിറഞ്ഞ ഓണാശംസകൾ
ആർപ്പോ..... ഇർർറോ...... ഇർർറോ...... ഇർർറോ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ